സ്‌ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നൽകണോ ?

sabarimala-issue

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ ചർച്ചകൾ നടക്കുന്ന ഒരു ചോദ്യമാണിത്. എൻറെ അഭിപ്രായത്തിൽ ഈ ചോദ്യം തന്നെ അങ്ങേയറ്റം ആണഹങ്കാരം ആണ്. ഒരു ജനാധിപത്യ രാജ്യത്ത് ഒരു പൊതു ഇടത്തിൽ ഒരു പറ്റം ആളുകൾക്ക് പ്രവേശനം നൽകണോ എന്ന് ചർച്ച ചെയ്യേണ്ടി വരുന്നത് ലജ്ജാകരമായാണ് എനിക്ക് തോന്നുന്നത്. നമ്മുടെ രാജ്യത്ത് ശബരിമലയിൽ എന്നല്ല ഏതൊരു പൊതുസ്ഥലത്തും പ്രവേശിക്കാനുള്ള മാനദണ്ഠം ലിംഗം ആകുന്നത് തന്നെ തീരെ ആശാസ്യമല്ല.

ഇന്ത്യൻ ഭരണഘടനയും നിയമവ്യവസ്ഥയും പുരുഷനും സ്ത്രീക്കും വിഭാവനം ചെയ്യുന്നത് ഒരേ അവകാശങ്ങളാണ്. അന്ധവിശ്വാസങ്ങളുടെ വിഴുപ്പുകൾ പുറത്ത് കെട്ടി അതിലൊരു വിഭാഗത്തിൻറെ മാത്രം മൗലീകാവകാശങ്ങളുടെ മേൽ കത്തിവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. അത് അനുവദിക്കപ്പെട്ടു കൂട.

ഇത്രയും കാലം വിശ്വസിച്ച് ആചരിച്ചു വന്നത് മാറ്റുന്നത് സ്വന്തം തന്തയെ മാറ്റുന്നതിനു തുല്ല്യമാണ്

ഇത്രയും കാലം വിശ്വസിച്ച് ആചരിച്ചു വന്നത് മാറ്റുന്നത് സ്വന്തം തന്തയെ മാറ്റുന്നതിനു തുല്ല്യമാണ് എന്ന് വാദിക്കുന്നവരോട്… വിശ്വാസം എന്നത് തന്നെ 100% അന്ധ വിശ്വാസമാണ്.അതിൽ ചെറിയ വിശ്വാസം വലിയ വിശ്വാസം എന്നൊന്നും ഇല്ല. എല്ലാം നല്ല പത്തരമാറ്റ് അന്ധവിശ്വാസം തന്നെ. കാലാകാലാങ്ങളായി മനുഷ്യനുണ്ടായ ബൗദ്ധിക വിസ്ഫോടനങ്ങളുടെ ആകെ തുകയാണ് ഇന്നീ കാണുന്ന മനുഷ്യ പുരോഗതി തന്നെ.

പറഞ്ഞു വരുന്നത്… കാലാകാലങ്ങളായി കൊണ്ടുനടന്ന ഇത്തരം ”തന്ത”മാരെ കാലാനുസൃതമായി മാറ്റി തന്നെയാണ് ഞാനും നിങ്ങളും ഇന്നീ നിലയിൽ ജീവിക്കുന്നത്. അത്തരം മാറിയ ചിന്താഗതികളാണ് എന്നും മനുഷ്യ സമൂഹത്തെ പുരോഗതിയിലേക്ക് നയിച്ചിട്ടുള്ളത്. അല്ലായിരുന്നെങ്കിൽ ‘സതി’, ‘അയിത്തം’, ‘തൊട്ടുകൂടായ്മ’, തുടങ്ങി ഒട്ടനവധി ‘തന്ത’മാർ ഇന്നും അവകാശം പറഞ്ഞ് നമ്മുടെ പുറകേ കൂടുമായിരുന്നു.

ഇനി ഏത് കോടതി വിധിച്ചാലും എൻറെ വീട്ടിൽ നിന്നും സ്ത്രീകളാരും ശബരിമലയിൽ പോകില്ല

ഇനി  വേറൊരു കൂട്ടരുണ്ട് “ഇനി ഏത് കോടതി വിധിച്ചാലും എൻറെ വീട്ടിൽ നിന്നും സ്ത്രീകളാരും ശബരിമലയിൽ പോകില്ല” എന്ന് താൻപോരിമ പറയുന്നവർ. ഇത് വായിച്ചപ്പോൾ എനിക്കാദ്യം ഓർമ്മ വന്നത്  “എന്ത് തന്നെ സംഭവിച്ചാലും രാത്രി 10 മണിക്ക് ഞാൻ എൻറെ പട്ടിയെ തുറന്ന് വിടും” എന്ന് അധികാര ഗർവ്വോടെ പറഞ്ഞിരുന്ന എൻറെ ഒരു സുഹൃത്തിനെയാണ്.

എന്ത് തന്നെ സംഭവിച്ചാലും രാത്രി 10 മണിക്ക് ഞാൻ എൻറെ പട്ടിയെ തുറന്ന് വിടും

ഒരു കണക്കിന് ഈ സ്റ്റേറ്റ്മെൻറിൽ അധികം അമ്പരക്കേണ്ടതില്ല. തൻറെ വീട്ടിലുള്ള സ്ത്രീകളുടെ അധികാരിയാണ് താൻ എന്ന ഒരാണിൻറെ ചിന്താബോധത്തിൻറെ എക്സ്റ്റൻഷൻ തന്നെയാണ് മുന്നേ ചോദിച്ച ”സ്‌ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നൽകണോ?” എന്ന ചോദ്യവും. ഇവിടെയാണ് നമ്മളാദ്യം മനസ്സിലാക്കേണ്ട ഒരു കാര്യം കിടക്കുന്നത്. സ്ത്രീയും പുരുഷനേ പോലെ തന്നെ വിവേകവും വിചാരവും വികാരവുമുള്ള മനുഷ്യജീവിയാണ്.

പെണ്ണുടലിൽ കുടുങ്ങിപ്പോയൊരാത്മാവ് !

സ്വന്തം സുഖങ്ങളും സ്വാതന്ത്ര്യവും അഭിപ്രായങ്ങളും മറ്റൊരാൾ തീരുമാനിക്കുന്നത് കണ്ട് കണ്ട് മടുത്തിട്ട് ഒടുവിലാണവൾക്ക് ‘ഇതൊക്കെ അവര് നിശ്ചയിക്കുന്നതാണെനിക്കിഷ്ടം’ എന്ന്  പറയേണ്ടി വരുന്നത്. നമ്മൾ ആണുങ്ങൾക്ക് ചെറിയൊരു കാര്യത്തിൽ പോലും നമ്മുടെ അഭിപ്രായത്തിനനുസരിച്ച് കാര്യം വരാതിരിക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത വെച്ച് തട്ടിച്ച് നോക്കിയാൽ മതിയാവും ജീവിതാന്ത്യം വരെ മറ്റൊരുവന്റെ(അച്ഛൻ, സഹോദരൻ,ഭർത്താവ്,മകൻ) അഭിപ്രായത്തിൽ ജീവിച്ചു മരിക്കേണ്ടി വരുന്ന അവളുടെ പ്രയാസം മനസ്സിലാക്കാൻ. എന്റെ വീട്ടിലായാലും നിങ്ങളുടെ വീട്ടിലായാലും അവളെ അവളായി ജീവിക്കാൻ അനുവദിക്കുക. അവൾക്ക് ശബരിമലയിൽ പോകണമെങ്കിൽ പോകാൻ സഹായിക്കുക. അല്ല അവളുടെ വിശ്വാസ പ്രകാരം പോകാതിരിക്കാനാണിഷ്ടപ്പെടുന്നതെങ്കിൽ അങ്ങനെയാവട്ടെ…

ഇനി മറ്റൊരു കൂട്ടരുണ്ട് അത്യധികം അപകടം പിടിച്ചൊരു വർഗ്ഗം. വായ തുറന്ന് കാളകൂടം ചീറ്റുന്ന വിഷസർപ്പങ്ങൾ. അവരിതിൽ കോടതിയെ കാണില്ല, ജഡ്ജിനെ കാണില്ല, ജഡ്ജിന്റെ മതവും രാഷ്ട്രീയവും കാണും. ഭരണഘടന കാണില്ല നിയമവ്യവസ്ഥ കാണില്ല, പരാതി നൽകിയവനെയോ കേസ് വാദിച്ചവനെയോ കാണില്ല അവരുടെ മതവും രാഷ്ട്രീയവും കാണും. ആത്യന്തികമായി ഭരണഘടനയാവണോ മതാചാരമാവണോ മുഖ്യം എന്ന് ചർച്ച വരേണ്ടിടത്ത് ഹിന്ദുവാണോ ഇസ്ലാമാണോ ക്രിസ്ത്യൻ ആണോ പാർസി ആണോ മുഖ്യം എന്നുള്ള ചർച്ച എഴുന്നള്ളിക്കും. ഏതാണ്ട് എല്ലാ മതവിഭാഗം ജനങ്ങളും ഒരേ തോതിൽ പിന്തുണയ്ക്കുന്ന വിവിധ പാർട്ടികളെ ചില പ്രത്യേ മതങ്ങളുടെ അനുകൂലിയോ വിദ്വോഷിയോ ആയി ചിത്രീകരിക്കും. തങ്ങളുടെ അജണ്ട നടപ്പിൽ വരുത്താൻ നാട്ടുകാരെ തമ്മിലടിപ്പിക്കും… തമ്മിലടി കണ്ട് ഉൻമാദിക്കും.

മതങ്ങൾ ഉണ്ടായ കാലം മുതൽ ആചാരങ്ങളും ഉണ്ടെന്നും അന്നത്തെ ആചാരങ്ങൾ അല്ല ഇന്നത്തെ ആചാരങ്ങൾ എന്നും ഇതൊക്കെ കാലത്തിനും കോലത്തിനും അനുസരിച്ച് മാറി ക്കൊണ്ടിരിക്കുക യാണെന്നും മനസ്സിലാക്കുക.

മതത്തിനും ആചാരങ്ങൾക്കും ആളെ കൂട്ടി ദിവാ സ്വപ്നത്തിൽ വിരാചിക്കുന്നതിനു പകരം സഹജീവികളുടെ കൂടെയുള്ള സ്നേഹവും സമഭാവനയും നിറഞ്ഞ ജീവിതം അതിൻറെ എല്ലാ അർത്ഥത്തിലും ആസ്വദിക്കാം നമുക്ക്.

2 comments On സ്‌ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നൽകണോ ?

  • When women can enter and pray from our mosques

    • “നമ്മുടെ രാജ്യത്ത് ശബരിമലയിൽ എന്നല്ല ഏതൊരു പൊതുസ്ഥലത്തും പ്രവേശിക്കാനുള്ള മാനദണ്ഠം ലിംഗം ആകുന്നത് തന്നെ തീരെ ആശാസ്യമല്ല!”

      Thank you for your time… Keep reading

Leave a reply:

Your email address will not be published.

Site Footer