വാക്വം ക്ലീനറുകൾ !

robotic vaccum cleaner

ആഴ്ച്ചയില്‍ ഒരിക്കലാണ് വീട് അടിച്ച് തുടച്ച് വൃത്തിയാക്കാറുള്ളത്. ശനി/ഞായര്‍ ദിവസങ്ങള്‍ ആണ് സാധാരണയായി ഈ ഉദ്യമത്തിന് തെരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ച്ചയായി പലവിധ കാരണങ്ങളാല്‍ ഈ കലാപരിപാടിക്ക് സമയം കിട്ടിയിരുന്നില്ല. രണ്ട് പേരും മെനക്കെട്ടുള്ള പണിയായതിനാല്‍ ആരെങ്കിലും ഒരാള്‍ വീക്കന്‍ഡില്‍ തിരക്കിലായിപ്പോയാല്‍ തന്നെ ക്ലീനിംഗ് അങ്ങനെ പെന്‍ഡിംഗ് ആയി കിടക്കും. ഒരുപാട് വെെകിയാല്‍ പിന്നെ ലീവെടുത്തോ ഉറക്കം കളഞ്ഞോ ഒക്കെ ആയിരിക്കും കാര്യങ്ങള്‍ ഒന്ന് ശരിപ്പെടുത്തി എടുക്കുക.

അങ്ങനെയാണ്, കാര്യങ്ങള്‍ എളുപ്പമാക്കാലോന്നും വിചാരിച്ച് ഒരു വാക്വം ക്ലീനര്‍ വാങ്ങാന്‍ ആലോചിക്കുന്നത്. നല്ല വാക്വം ക്ലീനര്‍ തെരഞ്ഞെടുക്കാന്‍ ഓണ്‍ലെെനില്‍ പരതിയപ്പോള്‍ കുറച്ചധികം ആളുകള്‍ വാക്വം ക്ലീനര്‍ വാങ്ങിച്ച് ഉപയോഗിച്ച ശേഷം ഉള്ള അനുഭവം വീഡിയോ ആയും എഴുത്തായും ഷെയര്‍ ചെയ്തത് കാണാനിടയായത്. എല്ലാം പരിശോധിച്ച ശേഷം സാധനം വാങ്ങിയില്ലെങ്കിലും ഏതൊക്കെയാണ് നല്ല ബ്രാന്‍ഡ്/മോഡല്‍, ഏതാണ് ബഡ്ജറ്റ് ഫ്രണ്ട്ലി എന്നൊക്ക മനസ്സിലാക്കാൻ കഴിഞ്ഞു.

വാക്വം ക്ലീനര്‍ അനുഭവങ്ങള്‍ പങ്ക് വെച്ചവര്‍ക്കൊക്കെ ഹൃദയം നിറഞ്ഞ നന്ദി…

പക്ഷെ പറയാന്‍ വന്ന വിഷയം അതല്ല.

”അടിച്ച് വാരിത്തുടച്ച് കഴിഞ്ഞാല്‍ ഭാര്യക്ക്/അമ്മയ്ക്ക് വയ്യാണ്ടാകും”

അതുകൊണ്ട് ഒരു വാക്വം ക്ലീനര്‍ വാങ്ങി. ശേഷം ഒരാഴ്ച്ച ഉപയോഗിച്ചത്തിന്റെ വെളിച്ചത്തിൽ

”ഞാന്‍ വാങ്ങിയ അടിച്ചുതളിക്കാരി”

എന്നെഴുതിയ തമ്പ്നെയിലുമായി റിവ്യൂ വീഡിയോ പോസ്റ്റ് ചെയ്ത മലയാളി (ട്രാവല്‍) വ്ലോഗര്‍/വ്ലോഗർമാർ മുതല്‍

നാഴികക്കയ്ക് നാല്പതുവട്ടം ”തെളിവുകൾ നയിക്കട്ടെ” എന്ന് ഉദ്ബോധിപ്പിക്കുന്ന ”ക്യാപിറ്റലിസ്സത്തെ പ്രണയിച്ച” ഗള്‍ഫുകാരന്‍ ”സ്വതന്ത്ര ചിന്തകന്‍” വരെ ഈ 2022ലും ആത്മാര്‍ത്ഥമായി ധരിച്ച് വെച്ചിരിക്കുന്നത് വീട് അടിച്ച് വാരി വൃത്തിയാക്കേണ്ടത് സ്ത്രീകളുടെ ജോലി ആണ് എന്നാണ്.

അങ്ങനെ വര്‍ഷങ്ങളായി വീടിനകത്ത് അടുക്കളയിലും ഉമ്മറത്തുമായി അടിയും തുടയും അരിവെപ്പും മാത്രമായി കഴിഞ്ഞുവന്നവരില്‍ ”ഭാഗ്യം” തുണച്ച ആരൊക്കെയോ ആണ് വെെശാഖന്‍ തമ്പി പറഞ്ഞ ”കൂടും കുടുക്കയും ആയി 4000 അടി ഉയരമുള്ള മല വലിഞ്ഞു കയറിയ” സ്ത്രീകള്‍ അടക്കം ഉള്ള ആളുകൾ. വെെശാഖന്‍ കരുതുന്നത് പോലെ മല കാണാനോ ഗുഹ കാണാനോ വരയാടിനെ കാണാനോ ഒന്നും ആവണമെന്നില്ല അവര്‍ വരുന്നത്.

കെട്ടഴിഞ്ഞ് കിട്ടിയ പശുക്കിടാവ് എങ്ങോട്ടെന്നില്ലാതെ ഓടുകയും ചാടുകയും ഒക്കെ ചെയ്യുന്നത് കണ്ടിട്ടില്ലേ. ഓടിയാല്‍ അല്ലെങ്കില്‍ ചാടിയാല്‍ ഉണ്ടാകുന്ന ”പ്രത്യേകതകള്‍ എന്തൊക്കയാണ്, അങ്ങനെ ചെയ്യുമ്പോള്‍ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കയാണ്” എന്നതൊന്നും വായിച്ച് പഠിച്ച് ഗവേഷിച്ച് ഒന്നും അല്ല അതങ്ങനെ ഒക്കെ കാട്ടുന്നത്. രണ്ട് മുഴം കയറിനപ്പുറത്തൊരു സ്ഥലത്തേക്ക് മാറാന്‍ കഴിഞ്ഞതിന്റെ ആവേശമാണത്.

മാനോ മലയോ ഗുഹയോ ഗുഹാചിത്രമോ ഒന്നും ആയിരിക്കണമെന്നില്ല വൈശാഖൻ ഉദാഹരിച്ച സ്ത്രീകളുടെ മാനസികോല്ലാസത്തിന് കാരണം. അച്ഛനോ മകനോ സഹോദരനോ ഭര്‍ത്താവോ മാത്രം ഭരിച്ചിരുന്നയിടത്തിന് പുറത്തേക്കുള്ള ആ Displacement തന്നെ അവര്‍ക്കൊരു ആശ്വാസം നല്‍കാനിടയില്ലേ ?

ഒന്നാലോചിച്ചു നോക്കൂ,
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച് കോടതി ഉത്തരവായപ്പോള്‍ ശ്രീമതി ബിന്ദു അമ്മിണി അടക്കമുള്ള സ്ത്രീകള്‍ അവിടേക്ക് ”വലിഞ്ഞു കയറിയത്” ഭക്തിനിര്‍ഭരം ആണെന്ന് ആരെങ്കിലും കരുതുന്നുണ്ടോ ? ഒരു വിഭാഗം ആളുകൾ മാത്രം കയ്യടക്കിയിരുന്ന ഒരു സ്ഥലത്തേക്ക് പോകാൻ ഉള്ള മറ്റൊരു വിഭാഗത്തിന്റെ ആഗ്രഹം മാത്രം ആയിക്കൂടെ അത് ?

അങ്ങനെ പോകാന്‍ താത്പര്യമുള്ളവരെ, പൊതുവില്‍ സ്ത്രീകളെ ആകെ ശബരിമലയില്‍ എത്തുന്നത് തടയാന്‍ ”ready to wait” ടീമും ”ആചാരസംരക്ഷക” ടീമും പറഞ്ഞത് ””അവിടത്തെ പ്രത്യേകതകള്‍ എന്തൊക്കയാണ്, അവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കയാണ്” എന്ന് മനസ്സിലാക്കി അങ്ങോട്ട് വരാതിരിക്കണം എന്നായിരുന്നു.

ഇത് തന്നെയല്ലേ വെെശാഖന്‍ തമ്പിയും പറയുന്നത് ?

അവര്‍ ശബരിമല സ്ത്രീകള്‍ക്കുള്ളതല്ല എന്ന് പറയുമ്പോള്‍ വെെശാഖന്‍ മലയും മ്യൂസിയവും മലയാടും നിങ്ങള്‍ക്കുള്ളതല്ല എന്നു പറയുന്നു.

ഒരു പൊതുസ്ഥലത്ത് എത്തുമ്പോൾ എല്ലാവർക്കും ഒരു പോലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയണം, പരസ്പരം ശല്യം ആകാതെ ഒരു പൊതുമര്യാദ പാലിക്കാൻ ഏവരും തയ്യാറാവണം എന്ന ഒരു അഭ്യർത്ഥനയാണ് വൈശാഖൻ ഈ പോസ്റ്റിൽ ലക്ഷ്യം വെക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്. ആ ഒരർത്ഥത്തിൽ വൈശാഖന്റെ ഉദ്ധേശശുദ്ധിയോട് പരിപൂർണ്ണ യോജിപ്പാണ്. പക്ഷേ, അത് പറയാൻ വൈശാഖൻ ഉപയോഗിച്ച പ്രയോഗങ്ങളും, ഉദാഹരിച്ച സംഗതികളും നിർഭാഗ്യവശാൽ ദയാരഹിതമായിപ്പോയി ഹീനമായിപ്പോയി എന്ന് പറയാതെ വയ്യ.

സർക്കാരും ഭരണാധികാരികളും എന്ത് തന്നെ പുതിയ ഭൗതീക സൗകര്യങ്ങൾ ഒരുക്കിഎടുത്താലും, എന്ത് തന്നെ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചാലും നമ്മളെല്ലാവരുടെയും പരസ്പര അഭ്യർത്ഥനകളും ആശയവിനിമയങ്ങളും തന്നെയാണ് നമ്മളെ ഇന്ന് കാണുന്നയത്രയെങ്കിലും പൊതുമര്യാദ ശീലിക്കുന്ന ഒരു ജനതയായി മാറ്റിയത്. അതുകൊണ്ട് തന്നെ ഈ അഭ്യർത്ഥനകളൂം ആശയവിനിമയങ്ങളും ഇനിയും തുടരുക തന്നെ വേണം, പരസ്പരം മനസ്സിലാക്കി ഉയർച്ച താഴ്ചകളില്ലാതെ ജനാധിപത്യപരമായി.

PS: ശ്രീ വൈശാഖൻ തമ്പിയുടെ ഒരു പോസ്റ്റ് ആധാരമാക്കിയുള്ള എഴുത്താണ് ഇത്. അതിൽ ഉപയോഗിച്ച ചില പ്രയോഗങ്ങളും സംജ്ഞകളും അതേപടി ഉപയോഗിച്ചിട്ടുണ്ട്. ദയവായി ക്ഷമിക്കുക.

Leave a reply:

Your email address will not be published.

Site Footer