ദി കോൺസ്റ്റിട്യൂഷൻ ഓഫ് സങ്കി അഥവാ സങ്കി ലോജിക്ക് ഓഫ് ഇന്ത്യൻ ഭരണഘടന

sangh parivar constitution of india

സ. ലോജിക് നമ്പർ 1. ഭരണഘടനയുടെ ആർട്ടിക്കിൾ 164 (1) പ്രകാരം ഗവർണ്ണറുടെ പ്രീതി നഷ്ടപ്പെട്ടയാൾക്ക് മന്ത്രിസഭയിൽ അംഗമായി തുടരാൻ ആവില്ല. “The Ministers shall hold office during the pleasure of the Governor” അഥവാ ഗവർണ്ണറുടെ പ്രീതി ഉള്ളിടത്തോളം മന്ത്രിമാർക്ക് ഔദ്യോഗികപദം നിലനിർത്താം. അതുകൊണ്ട് ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാന്റെ “പ്രീതി” നഷ്ടപെട്ട ധനമന്ത്രിക്ക് മന്ത്രി സ്ഥാനം നഷ്ടപ്പെടും

“ഗവർണ്ണറുടെ പ്രീതി ഉള്ളിടത്തോളം മന്ത്രിമാർക്ക് ഔദ്യോഗികപദം നിലനിർത്താം” എന്ന് തന്നെയാണ് ഭരണഘടനയിൽ പറഞ്ഞിട്ടുള്ളത്. പക്ഷെ ആ “പ്രീതി” സങ്കികൾ വ്യാഖ്യാനിക്കുന്നതുപോലെ ഗവർണ്ണർ ആയി ഇരിക്കുന്ന വ്യക്തിയുടെ പ്രീതി അല്ല. ഗവർണർ എന്ന ഔദ്യോഗിക സ്ഥാനത്തിന്റെ പ്രീതി ആണ്.
ഭരണഘടനാ അസംബ്ലി ചർച്ചകളിൽ, ഡോ. അംബേദ്കർ വ്യക്തമായി പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്, “ഗവർണർ ഒരു പാർട്ടിയുടെയും പ്രതിനിധിയല്ല, അദ്ദേഹം സംസ്ഥാനത്തെ മൊത്തത്തിലുള്ള ജനങ്ങളുടെ പ്രതിനിധിയാണ്”. അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ പ്രീതി സംസ്ഥാനമൊട്ടാകെയുള്ള ജനങ്ങളുടെ പ്രീതിയാണ്. ഏറ്റവും അവസാനം നടന്ന അസ്സംബ്ലി തെരഞ്ഞെടുപ്പ് ഫലം ആണ് ആ പ്രീതി അളക്കാൻ നിലവിലുള്ള ഏക മാനകം. ഗവർണർ സ്ഥാനത്തിരിക്കുന്ന ആളിന്റെ വ്യക്തിപരമായ “പ്രീതി” അനുസരിച്ച് മന്ത്രിമാരെ നിലനിർത്താനും പുറത്താക്കാനും ഇവിടെ ഇപ്പോൾ രാജഭരണം അല്ല ജനാധിപത്യം ആണ്.

സ. ലോജിക് നമ്പർ 2. മന്ത്രിയെ ഗവർണർ പുറത്താക്കുന്നതിൽ ജനാധിപത്യ വിരുദ്ധത ഇല്ല കാരണം മന്ത്രിയെ ജനങ്ങൾ തിരഞ്ഞെടുക്കുന്നതൊന്നുമല്ല. എം.എൽ.എമാരെയാണ് ജനങ്ങൾ തിരഞ്ഞെടുക്കുന്നത്.
മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവർണ്ണർ നിയമിക്കുന്നതാണ്. ഗവർണർ തന്നെ നിയമിച്ച് സത്യവാചകം ചൊല്ലി കൊടുത്ത് അധികാരമേൽപ്പിച്ച പദവിയിൽ നിന്നാണ് മന്ത്രിയെ പുറത്താക്കുന്നത്.

ഭരണഘടന പ്രകാരം മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിയമിക്കാൻ ഉള്ള അധികാരം ഗവർണർക്കാണ്. അത് പക്ഷെ നിയമിക്കാൻ മാത്രമുള്ള അധികാരം ആണ്. ആരായിരിക്കണം മുഖ്യമന്ത്രി എന്നോ മറ്റു മന്ത്രിമാർ എന്നോ തീരുമാനിക്കാൻ ഉള്ള അധികാരം ഗവർണർക്കില്ല. ആരായിരിക്കണം മുഖ്യമന്ത്രി – സഭാനാഥൻ എന്ന് തീരുമാനിക്കുന്നത് നിയമസഭ ആണ്, അവിടെ ആണ് മുഖ്യമന്ത്രി ഭൂരിപക്ഷം തെളിയിക്കേണ്ടത്. സഭാനാഥൻ ആയ മുഖ്യമന്ത്രി ആവശ്യപ്പെടുന്ന ആളുകളെ ആണ് ഗവർണർ മന്ത്രിമാരായി നിശ്ചയിക്കുക. സഭാനാഥൻ ആവശ്യപ്പെടുന്നവരെ മന്ത്രിയായി നിയമിക്കാതിരിക്കാനോ സഭാനാഥൻ ആവശ്യപ്പെടാത്തവരെ മന്ത്രിയായി നിയമിക്കാക്കാനോ ഗവർണർക്ക് അധികാരമില്ല.

അങ്ങനെ ഒരു അധികാരം ഗവർണർക്കുണ്ടായിരുന്നെങ്കിൽ “നിയമസഭാംഗമല്ലാത്ത ഒരാൾക്ക് 6 മാസം വരെ മന്ത്രിയായി ഇരിക്കാൻ കഴിയും” (Article 164(4) The Constitution Of India) എന്ന ഭരണഘടനാ വ്യവസ്ഥ ഉപയോഗിച്ച് 6 മാസം 6 മാസം വെച്ച് കെ സുരേന്ദ്രനും, കുമ്മനവും, ശോഭയും മുതൽ ഇങ്ങ് ശങ്കു ടി ദാസും, ശ്രീജിത്ത് പണിക്കരും വരെ കേരളം ഭരിച്ചേനെ.

സ. ലോജിക് നമ്പർ 3. Appointing authority is the disciplinary authority നിയമന അധികാരിക്ക് പിരിച്ചു വിടാനും അധികാരമുണ്ട്.അതായത് മന്ത്രിമാരെ appoint ചെയ്ത അധികാരി ഗവർണർ ആണ് അതുകൊണ്ട് ഗവർണർക്ക് താൻ appoint ചെയ്ത മന്ത്രിയെ പിരിച്ചു വിടാം.

മന്ത്രിമാരെ മാത്രം അല്ല മുഖ്യമന്ത്രിയെയും നിയമിക്കുന്നതിനുള്ള അധികാരം ഗവർണർക്കാണ്. നിയമന അധികാരിക്ക് പിരിച്ചു വിടാനും അധികാരമുണ്ട് എന്ന സങ്കി ലോജിക് പ്രകാരം അപ്പോൾ ഗവർണർക്ക് മുഖ്യമന്ത്രിയെയും പിരിച്ചുവിടാൻ കഴിയും. ഭരണഘടനയിൽ ഏതു ആർട്ടിക്കിൾ ആണ് മുഖ്യമന്ത്രിയെ പിരിച്ചു വിടാനുള്ള അധികാരം ഗവർണ്ണർക്ക് കൊടുത്തിരിക്കുന്നത് ?

സ. ലോജിക് നമ്പർ 4. ഭരണഘടനയിൽ ഗവർണ്ണർക്ക് താഴെ ആണ് മന്ത്രിമാരുടെ സ്ഥാനം. അതുകൊണ്ടു തന്നെ ഗവർണർക്ക് മന്ത്രിമാരുടെ മേലിൽ pleasure നഷ്ടപ്പെട്ടാൽ ഗവർണർക്ക് മന്ത്രിയെ പുറത്താക്കാം.

ഭരണഘടനയിൽ മുഖ്യമന്ത്രിക്കും മുകളിൽ ആണ് ഗവർണറുടെ സ്ഥാനം. പക്ഷെ ഗവർണറുടെ അധികാരം നിയമസഭക്ക് മുകളിലല്ല. അല്ലെങ്കിൽ നിയമസഭയുടെ/മന്ത്രിസഭയുടെ തീരുമാനത്തിനെതിരായി ഒരു നടപടി എടുക്കുവാൻ ഗവർണ്ണർക്ക് അധികാരം ഇല്ല. എന്ത് കാരണത്താലായാലും ഒരു മന്ത്രിയെ പുറത്താക്കാനോ അല്ലെങ്കിൽ ഏതെങ്കിലും ഒരാളെ സ്വന്തം ഇഷ്ടപ്രകാരം മന്ത്രി ആക്കാനോ ഉള്ള അധികാരം ഗവർണർക്കില്ല.

നിയമനാധികാരിക്ക് pleasure നഷ്ടപ്പെട്ടാൽ നിയമിച്ചയാളെ പുറത്താക്കാൻ ആവും എന്ന സങ്കി ലോജിക് ശരിയാണെങ്കിൽ മുഖ്യമന്ത്രിയെയും ഗവർണ്ണർക്ക് pleasure നഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞു പുറത്താക്കാം. ഇന്ത്യയിൽ എല്ലാ സ്റ്റേറ്റിലും രാഷ്‌ട്രപതി നിയമിച്ച ഗവർണർമാർക്ക് pleasure നഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞു അതാതു സ്റ്റേറ്റിലെ മുഖ്യമന്ത്രിമാരെ പുറത്താക്കാം. ‘”pleasure” കൂടിയ ഏതെങ്കിലും സങ്കി നേതാവിനെ പിടിച്ച് മുഖ്യമന്ത്രിമാർ ആക്കാം. നിയമസഭകളും തെരഞ്ഞെടുപ്പും ഒന്നും വേണ്ട… എന്തൊരു മധുര മനോജ്ഞ ജനാധിപത്യം!

സ. ലോജിക് നമ്പർ 5 . ഭരണഘടനാപരമായി മുഖ്യമന്ത്രിയേക്കാൾ അധികാരം കൂടുതൽ ഗവർണർക്കാണ് അതുകൊണ്ടു മുഖ്യമന്ത്രി വെല്ലുവിളി കുറയ്ക്കുന്നത് നല്ലതാണ്. എം ബി രാജേഷിന്റെ വ്യക്തിപരമായ പോസ്റ്റ് ഇല്ലാതായതും, താൻ പ്രതികരണത്തിനില്ലെന്ന് ബാലഗോപാൽ പറഞ്ഞതും അതുകൊണ്ടാണ്.

ഭരണഘടനാപരമായി മുഖ്യമന്ത്രിയേക്കാൾ മുകളിൽ ആണ് ഗവർണർ, പക്ഷെ അതിനർത്ഥം അധികാരം കൂടുതൽ ഗവർണർക്കാണ് എന്നല്ല. ഭരണഘടനാ നിർമ്മാണ വേളയിൽ ഡ്രാഫ്റ്റിംഗ് കമ്മറ്റി ചെയർമാൻ കൂടിയായ ഡോക്ടർ ബി ആർ അംബേദ്‌കർ പറഞ്ഞത്, ഗവർണറെ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുപോലെ തെരഞ്ഞെടുക്കേണ്ട ആവശ്യമില്ല കാരണം രാജ്യത്തെ ജനങ്ങളുടെ ജീവിതം സംബന്ധിച്ച തീരുമാനങ്ങളെടുക്കാൻ അധികാരപ്പെട്ട സ്ഥാനമാണ് പ്രധാനമന്ത്രി എന്നാൽ ഒരു ഗവർണറെ സംബന്ധിച്ചിടത്തോളം ഗവർണർക്കു നയവുമില്ല അധികാരവുമില്ല. അതൊരു കേവല ആലങ്കാരിക പദവി മാത്രമാണ് എന്നാണ്. തെരഞ്ഞെടുക്കപ്പെടുന്ന മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാൻ ഗവർണർ എല്ലായ്പ്പോഴും ബാധ്യസ്ഥനാണ്.

അതായതു ഗവർണ്ണർ തുമ്മിയാൽ ഉടൻ തെറിക്കുന്ന മൂക്കല്ല ഒരു സംസ്ഥാന മന്ത്രി സഭയും. ഗവർണ്ണറെ വിമർശിച്ചാൽ മന്ത്രിയെ പുറത്താക്കാൻ ഗവർണ്ണർക്ക് അധികാരമില്ല. മന്ത്രിസഭയുടെ അനുമതിയോടെ/നിർദ്ദേശത്തോടെ മാത്രം പ്രവർത്തിക്കാനേ ഗവർണ്ണർക്ക് അധികാരമുള്ളൂ.

ഗവർണ്ണറേ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തു എന്ന് പരസ്യമായി വിളിച്ചു പറഞ്ഞ പശ്ചിമ ബംഗാൾ “മുഖ്യമന്ത്രിയും” സംസ്ഥാന “ഗവർണ്ണറേക്കാൾ” അധികാരം കുറഞ്ഞ സ്ഥാനം അല്ലെ ? എന്നിട്ട് മമത ബാനർജിയെ എന്താ ചെയ്തത് പുറത്താക്കിയോ അതോ തൂക്കിക്കൊന്നോ ?

അതോ ഇനി കേരളത്തിൽ നിന്നും ബംഗാളിലേക്കെത്തുമ്പോൾ Appointing authority disciplinary authority അല്ലാണ്ടാവുമോ ? അതോ അധികാരം ഗവർണ്ണറേക്കാൾ കൂടുതൽ മുഖ്യമന്ത്രിമാർക്ക് കിട്ടുമോ ?

കിഴക്കോട്ട് നല്ല കാറ്റുണ്ട് തോന്നുന്നു ഇപ്പോൾ… ചിലപ്പോൾ അങ്ങനെ എങ്ങാനും… ഒന്നും പറയാൻ വയ്യല്ലോ….

Leave a reply:

Your email address will not be published.

Site Footer