ഹിജാബ് വിവാദങ്ങൾ ഉണ്ടാവുന്നത്…

Karnataka Hijab row

പർദ്ദ എന്ന വസ്ത്രത്തോട് പരിപൂർണ്ണ വിയോജിപ്പാണ്!

ഒരു മതം അനുശാസിക്കുന്ന വസ്ത്രമായതിനാലാണത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ആണുങ്ങൾ തീരുമാനിക്കുകയും മതമെന്ന പേരിൽ സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന പർദ്ദ ജനാധിപത്യ രാജ്യത്ത് ഒരു പൗരാവകാശ നിഷേധമാണ് എന്നതുകൊണ്ടാണതിനെ എതിർക്കുന്നത്.

പർദ്ദ മാത്രമല്ല; ആണ് തീരുമാനിക്കുകയും പെണ്ണിനോട് ധരിക്കാൻ ആജ്ഞാപിക്കുകയും ചെയ്യുന്ന ഏതൊരു വസ്ത്ര ധാരണ രീതിക്കും എതിരാണ്.

അതേത് മതം പറഞ്ഞാലും ഏതു തത്വശാസ്ത്രം പറഞ്ഞാലും. വിശ്വാസമെന്ന രീതിയിൽ; ആചാരം എന്ന രീതിയിൽ ആണുങ്ങൾ പുറപ്പെടുവിക്കുന്ന ഏതൊരു വാറോലയും ശിരസ്സാവഹിക്കേണ്ടുന്ന രണ്ടാംകിട പൗരരല്ല മറ്റേതൊരു ജൻഡറും എന്നുള്ളത് തന്നെയാണ് ഉറച്ച ബോധ്യം.

മികച്ച പൗരന്മാരെ സൃഷ്ടിക്കാൻ അതുവഴി മെച്ചപ്പെട്ട ജനാധിപത്യ സമൂഹത്തെ ഉത്പാദിപ്പിക്കാൻ ഉത്തരവാദിത്തമുള്ള കലാലയങ്ങളിൽ, സ്കൂളുകളിൽ യൂണിഫോമിന് പകരം ഏതെങ്കിലും മതം പറയുന്ന വസ്ത്രം ധരിച്ചു വരുന്നതിനോട് അല്ലെങ്കിൽ യൂണിഫോമിനോടൊപ്പം ഏതെങ്കിലും മതചിഹ്നം കൂടി ധരിച്ച് വരുന്നതിനെ അനുവദിച്ചുകൊടുക്കുന്നത് പുരോഗമനപരമല്ല എന്നാണ് അഭിപ്രായം.പർദ്ദ അടക്കമുള്ള സകല മതചിഹ്നങ്ങളും വിദ്യാലയാന്തരീക്ഷത്തിൽ നിന്ന് മാറ്റിനിർത്തപ്പെടേണ്ടതാണ്. മതേതരത്വം എന്ന് പറയുന്നത് വളരെ സുന്ദരമായൊരു സംജ്ഞയാണെന്നിരിക്കെ തന്നെ സകലയിടത്തും മതം കുത്തിക്കയറ്റുന്നത് മതേതരത്വം പുലരാനല്ല പകരം ബഹുഭൂരിപക്ഷവും വിശ്വാസികളായിരിക്കുന്ന ഒരു രാജ്യത്തെ, അതിന്റെ പൗരബോധത്തെ പിന്നോട്ടടിക്കാൻ മാത്രമേ ഉപകരിക്കൂ.

ശാസ്ത്രീയ മനോഭാവവും മാനവികതയും വളർത്തുക എന്നുള്ളത് ഓരോ പൌരന്റെയും കടമയാണ് എന്നെഴുതിവെച്ച ഒരു ഭരണഘടന നിലവിൽ വന്നിട്ട് പത്തേഴുപത് വർഷം കഴിഞ്ഞിട്ടും സ്കൂൾ യൂണിഫോമിൽ മതചിഹ്നം വേണോ വേണ്ടയോ എന്നുള്ള ചർച്ച സംഘടിപ്പിക്കേണ്ടിവരുന്നതെന്തായാലും ആശാസ്യകരമായല്ല വിലയിരുത്താൻ സാധിക്കുക.

വിശ്വാസിക്ക് വിശ്വാസിയായി തന്നെ ജീവിക്കാൻ അവസരം ലഭിക്കേണ്ടപ്പോൾ തന്നെ എല്ലാത്തരം വിശ്വാസങ്ങളെയും ഉൾക്കൊള്ളേണ്ടുന്ന സർക്കാർ, സർക്കാർ നിയന്ത്രിത സംവിധാനങ്ങളിൽ മത-വിശ്വാസ വിവേചനമില്ലാതെ ഏവർക്കും തുല്യ പരിഗണന കിട്ടേണ്ടതും ഉണ്ട്. അങ്ങനെ വരുമ്പോൾ പ്രകടമായ ന്യൂനപക്ഷ ഭൂരിപക്ഷ അന്തരമുള്ള നമ്മുടെ സമൂഹത്തിൽ സർക്കാർ, സർക്കാർ നിയന്ത്രിത കലാലയങ്ങളിൽ മതചിഹ്നങ്ങൾ ഇല്ലാത്ത നിഷ്‌പക്ഷ വസ്ത്രധാരണം നിഷ്‌കർഷിച്ചാലേ തുല്യ പരിഗണന സാധ്യമാവുകയുള്ളൂ .

മതബോധവും പൗരബോധവും ഒരുതട്ടിൽ തൂക്കിയാൽ പൗരബോധം തന്നെ താഴ്ന്നിരുന്നാൽ മാത്രമാണ് രാജ്യം ജനാധിപത്യ രാജ്യം ആവുന്നത്, അല്ലാത്തതെല്ലാം മതരാജ്യം ആണ്, തിയോക്രാറ്റിക് സ്റ്റേറ്റ് ആണ്. ഇന്ത്യ എന്ന രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മറ്റൊന്നുമല്ല അതീ പൗരബോധത്തെ കവച്ചുവെക്കുന്ന രീതിയിൽ വളർന്നുവരുന്ന മതബോധം ആണ്. രാഷ്ട്രീയ ലാഭങ്ങൾക്കു വേണ്ടി മതബോധം വളർത്തി, അന്യമതവിദ്വേഷമുണ്ടാക്കി മനുഷ്യരെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന വർഗ്ഗീയ രാഷ്ട്രീയത്തിന്റെ വക്താക്കൾ ചെയ്യുന്നത് ഇന്ത്യയുടെ മതേതരത്വം എന്ന സോഷ്യൽ ഫാബ്രിക്കിനെ കീറിയെറിയലാണ്.

എന്ത് നെറികേട് കാട്ടിയാലും മതം മാത്രം കൈമുതലാക്കി ഭരണം നിലനിർത്താം എന്ന് പേർത്തും പേർത്തും തെളിയീച്ചുകൊണ്ടിരിക്കുന്നത് ഈ രാജ്യം ഭരിക്കുന്നവർ തന്നെയാണ്. അവർക്കത്‌ അങ്ങനെ തന്നെ നിലനിർത്താൻ കർണ്ണാടകയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് പോലെയുള്ള ധ്രുവീകരണസ്വഭാവമുള്ള സംഭവവികാസങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കണം. ബിജെപിക്കും സംഘ്പരിവാറിനും അതിശക്തമായ സ്വാധീനമുള്ള, ഹിന്ദുമതവിശ്വാസികൾക്ക് മൃഗീയഭൂരിപക്ഷമുള്ള ഉഡുപ്പി പോലെയൊരു സ്ഥലത്ത് മുസ്‌ലിം മതവിശ്വാസത്തെ ചൊല്ലിയൊരു വിവാദം അഴിച്ചുവിട്ടാൽ, അതിന്റെ പേരിൽ ഹിന്ദു – മുസ്‌ലിം വിദ്യാർത്ഥികൾ തമ്മിൽ ഒരു ചേരിതിരിയൽ ഉണ്ടായാൽ കഥാന്ത്യം രാഷ്ട്രീയ ലാഭം ഉണ്ടാകാൻ പോകുന്നതാർക്കാണ് എന്നറിയാൻ തലപുകഞ്ഞാലോചിക്കുകയൊന്നും വേണ്ട.

“അള്ളാഹു അക്ബർ” വിളിച്ചല്ല ഒരു ജനാധിപത്യ രാജ്യത്ത് സമരം നടത്തേണ്ടത് എന്നുറപ്പിച്ച് പറയുമ്പോൾ തന്നെയും തനിക്കെതിരെ തന്റെ “മുസ്‌ലിം” എന്ന സ്വത്വത്തിനെതിരെയാണ് അപ്പുറം നിൽക്കുന്ന കാവിയണിഞ്ഞ നായ്ക്കൾ കുരക്കുന്നത് എന്ന് മനസ്സിലാക്കുമ്പോൾ അടിച്ചമർത്തപ്പെട്ട ന്യൂനപക്ഷ മത വിശ്വാസിയായ ഉശിരുള്ളൊരു പെൺകുട്ടി ഇസ്ലാമിനെ വിളിച്ചു തന്നെയായിരിക്കും അതിനെ പ്രതിരോധിക്കുക എന്നുള്ളത് തീർച്ചയാണ്. അതാണ് ഈ രാജ്യത്തിന്റെ ഭരണഘടന മുന്നോട്ടു വെക്കുന്ന; വാഗ്ദാനം ചെയ്തിരിക്കുന്ന സെക്കുലർ സ്പേസ്. ആർട്ടിക്കിൾ 25 – അവരവരുടെ മതവിശ്വാസത്തെ മുറുകെപ്പിടിച്ചു തന്നെ ജീവിക്കാനുള്ള സ്വാതന്ത്ര്യം. “ജയ് ശ്രീറാം” വിളിക്കുന്നവരും “അള്ളാഹു അക്ബർ” വിളിക്കുന്നവരും തമ്മിലുള്ള പോർവിളിയിൽ “അള്ളാഹു അക്ബർ” വിളിക്കുന്നവരോട് കക്ഷി ചേരേണ്ടി വരുന്നതും അതുകൊണ്ടാണ്. അങ്ങനെ കക്ഷി ചേരുമ്പോൾ ആ വിളിയിലെ പൊളിറ്റിക്കൽ കറക്ട്നെസ്സ് അന്വേഷിച്ചു പോകുന്നത് നിരർത്ഥകമാണ്. നാസിപ്പടയ്ക്കെതിരെ ശബ്ദമുയർത്തുമ്പോൾ ജൂതന്മാർ സ്ത്രീവിരുദ്ധരാണെന്ന് പറയുന്നതുപോലെ.

വർഗ്ഗീയത രാജ്യത്തിൻറെ മതേതരസ്വഭാവത്തിന് പോറലേൽപ്പിക്കും എന്ന് പറയുമ്പോൾ പോലും ഭൂരിപക്ഷ വർഗ്ഗീയതയും ന്യൂനപക്ഷ വർഗ്ഗീയതയും അതിന്റെ പ്രത്യക്ഷത്തിലും പ്രയോഗത്തിലും രാജ്യത്തിനുണ്ടാക്കുന്ന കേടുപാടുകൾ ഒരേ സ്കെയിൽ വെച്ച് അളക്കാവുന്നതല്ല എന്ന വസ്തുതയും മാറ്റിവെക്കേണ്ടുന്ന ഒന്നല്ല.

പർദ്ദയെന്നല്ല, ഒരു മതവസ്ത്രവും മതചിഹ്നവും സ്കൂളുകളിൽ, കലാലയങ്ങളിൽ യൂണിഫോമിന് പകരമോ ഒപ്പമോ അനുവദിക്കേണ്ടതില്ല എന്നത് തന്നെയാണ് സുചിന്തിതമായ നിലപാട്. ഒപ്പം സാധ്യമെങ്കിൽ രക്ഷ കെട്ടുക, കുരിശുമാല ഇടുക, സിന്ദൂരം തൊടുക, തുടങ്ങിയ കലാപരിപാടികളും അനുവദിക്കാതിരിക്കുക. ശാസ്ത്രം പഠിപ്പിക്കാൻ തുറന്നുവെച്ചിരിക്കുന്ന സ്കൂളുകളിൽ ഈശ്വരപ്രാർത്ഥന, സരസ്വതീപൂജ ചാപ്പൽ പണിയുക പോലുള്ള ഭോഷ്ക്കുകൾ അവസാനിപ്പിക്കുക.

രണ്ടു തലമുറക്കപ്പുറത്തുള്ളവരെങ്കിലും “അമ്പലം പണി”ക്കിറങ്ങാത്ത ഒരു പ്രധാനമന്ത്രിയെ കാണട്ടേന്നേ…

Leave a reply:

Your email address will not be published.

Site Footer