വരൂ, നമുക്കിനി കോഴിയെ അശുദ്ധയായി പ്രഖ്യാപിക്കാം!

egg-is-made-of-menstrual-blood-of-chicken-maneka-gandhi

“മുട്ട കോഴിയുടെ ആർത്തവ രക്തത്താൽ നിർമ്മിതം. കുട്ടികൾക്ക് കൊടുക്കരുത്”

പറഞ്ഞത് വേറെ ആരുമല്ല പാർലമെന്റ് അംഗവും ബിജെപി നേതാവും ആയ മനേകാ ഗാന്ധിയാണ്.

“നീ മണ്ടനാണെന്ന് നിന്റെ വീട്ടുകാർക്കറിയുമോ ?”
എന്ന് ചോദിക്കുന്നതുപോലെ ഒരു പ്രസ്താവനയാണ് ഇത്. പ്രതികരണം “യെസ്” ആയാലും “നോ” ആയാലും മാഡം ഉദ്ദേശിച്ച കാര്യം നടക്കും.

പറഞ്ഞത് ശരിയാണെന്നു സമ്മതിച്ചാൽ “ഓക്സിജൻ ശ്വസിച്ച് ഓക്സിജൻ പുറത്ത് വിടുന്ന വിശുദ്ധ മൃഗം ആണ് പശു” എന്ന് പറയുന്നത് പോലെ മറ്റൊരു ശാസ്ത്ര വിരുദ്ധതയ്ക്ക് കൂടി ഉള്ള കയ്യടിക്കലാവും.

എന്നാൽ തെറ്റാണെന്ന് വാദിക്കാൻ പോയാൽ ആർത്തവരക്തം എന്ന് പറയുന്നതെന്തോ പ്രശ്നമുള്ള സംഗതിയാണെന്ന് സമർത്ഥിക്കലുമാവും. ശബരിമല ഒക്കെ ഓർമ്മയുണ്ടാവുമല്ലോ!

ചുരുക്കിപ്പറഞ്ഞാൽ ഇതിനോട് എങ്ങനെ പ്രതികരിച്ചാലും ഇവർ എന്താണോ ഉദ്ദേശിക്കുന്നത് അത് നടക്കും

ശാസ്ത്രവിരുദ്ധതയും സ്ത്രീവിരുദ്ധതയും ജനാധിപത്യവിരുദ്ധതയും സമാസമം അരച്ചുകലക്കി വർഗ്ഗീയത പ്രചരിപ്പിച്ച് കപട രാജ്യസ്നേഹികളെ ഉണ്ടാക്കിയെടുത്ത് ഹിന്ദുരാജ്യം കെട്ടിപ്പടുക്കാൻ കച്ചകെട്ടിയിറങ്ങിയ ഇന്ത്യവിരുദ്ധ വൈറസ് ആണ് സംഘപരിവാർ. അവർ പടച്ചുവിടുന്നത് പലതും കേരളത്തിലിരിക്കുന്ന പലർക്കും മണ്ടത്തരം ആയോ ബുദ്ധിയില്ലായ്മ ആയോ ഒക്കെ തോന്നും എന്നാൽ സത്യത്തിൽ അതങ്ങനെയല്ല.

വളരെ “ബുദ്ധിപൂർവ്വം” ഇവർ മണ്ടത്തരം എഴുന്നള്ളിക്കുന്നത് വെറുതെയല്ല കൃത്യമായ ലക്ഷ്യങ്ങളോടെയാണ്.

മനുഷ്യൻ അടക്കം ഉള്ള സസ്തനികൾ ഉൾക്കൊള്ളുന്ന പ്രൈമേറ്റ് ഗോത്രത്തിൽ പെടുന്ന ജീവികളിൽ മാത്രം കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ഒരു ജീവൽപ്രക്രീയ ആണ് ഒരു നിശ്ചിത ദിവസങ്ങളിൽ ആവർത്തിക്കുന്ന menstrual cycle അഥവാ ആർത്തവചക്രം. കുഞ്ഞുങ്ങളെ മുലപ്പാലൂട്ടി വളർത്തുന്ന ജീവികൾക്ക് ആണ് സസ്തനികൾ എന്ന് പറയുന്നത്.

ആർത്തവചക്രത്തിനിടയിൽ ബീജസങ്കലനം(fertilisation) നടക്കുകയാണെങ്കിൽ തത്ഫലമായുണ്ടാകുന്ന ഏകകോശ കുഞ്ഞിനെ വളർത്തിയെടുക്കാൻ – ഗർഭധാരണത്തിന് – സ്ത്രീവർഗ്ഗ ശരീരം വിവിധ തയ്യാറെടുപ്പുകൾ നടത്തും. എന്നാൽ ഗർഭപാത്രത്തിനകത്ത് ഉണ്ടാകുന്ന ഇത്തരം തയ്യാറെടുപ്പുകൾ (lining) ബീജസങ്കലനം നടക്കാതിരുന്നാൽ സ്വയം പൊഴിഞ്ഞുപോകുകായും ഈ ചാക്രിക പ്രവർത്തി (cycle) പുനരാരംഭിക്കുകയും ചെയ്യും. ഗർഭധാരണ അവയവത്തിന്റെ ഈ പുനരുജ്ജീവന (rejuvenating) പ്രക്രീയയുടെ ഫലമായി കൊഴിഞ്ഞു പോകുന്ന രക്തക്കുഴലുകളുടെയും മറ്റും പുറത്തുകളയലിനെയാണ് ആർത്തവം (menstruation) എന്ന് പറയുന്നത്.

ആരോഗ്യമുള്ള ഒരു മനുഷ്യന്റെ ദൈന്യംദിന ജീവപ്രക്രീയയുടെ ഒരു ഭാഗം മാത്രമാണിത്. ആർത്തവം മോശപ്പെട്ട സംഗതിയാണെങ്കിൽ മനുഷ്യനും മോശപ്പെട്ട സാധനം ആണെന്ന് പറയേണ്ടി വരും.

കോഴിക്ക് മുല വരാത്തത് പോലെ തന്നെ കോഴി പ്രസവിക്കുകയും ഇല്ല. മുല (mammary gland) ഇല്ലാത്ത, പ്രസവിക്കാത്ത കോഴിക്ക് ആർത്തവചക്രം ഉണ്ടാവില്ല. കോഴി അടക്കം ഉള്ള പക്ഷിവർഗ്ഗത്തിൽ പെടുന്ന ജീവികൾക്ക് ആർത്തവചക്രത്തിനു സമാനമായ പ്രക്രീയ ഒന്നും തന്നെ ഇല്ല. വേണമെങ്കിൽ പറയാവുന്നത് Ovulation എന്ന് വിളിക്കാവുന്ന അണ്ഡവിസർജ്ജനം ആണ്. ചുരുക്കിപ്പറഞ്ഞാൽ മുട്ടയിടൽ, അതിന് പക്ഷേ സസ്തനികളിലെപോലെ ദീർഘമായ ഒരു ചക്രം ഒന്നുമില്ല. 24-26 മണിക്കൂർ കൊണ്ട് ആ ചക്രം ആവർത്തിക്കും. പിടക്കോഴി ദിവസവും മുട്ടയിടുന്നില്ലേ, അത് തന്നെ!

സയൻസ് ഇങ്ങനെയൊക്കെയായിട്ടും പിന്നെ എന്തുകൊണ്ടായിരിക്കും മനേകാ ഗാന്ധി കോഴിമുട്ട ആർത്തവരക്തത്താൽ ഉണ്ടാക്കിയതാണ് എന്ന് പറയുന്നത് ?

അനിമൽ റൈറ്റ് ആക്ടിവിസ്റ്റും പരിസ്ഥിതി പ്രവർത്തകയും ഒക്കെയായ മനേകാ ഗാന്ധിക്ക് ഇതറിയാഞ്ഞിട്ടായിരിക്കുമോ ?

ആവാൻ സാധ്യത തീരെ ഇല്ല…

ഇതിന് പിന്നിലുള്ള ഉദ്ദേശം മറ്റു ചിലതാണ്…

കോഴിമുട്ട ആർത്തവരക്തത്താൽ ഉണ്ടാക്കിയതാണ് എന്ന് പറയുന്നത് വിശ്വസിക്കുന്ന 10 പേരെ കിട്ടിയാൽ തുടർന്നു പറയാൻ പോകുന്ന, ചെയ്യാൻ പോകുന്ന ശാസ്ത്ര വിരുദ്ധതയ്ക്ക് കയ്യടിക്കാൻ പുതുതായി 10 പേരെ കൂടുതൽ കിട്ടും.

കോഴിമുട്ട ആർത്തവരക്തത്താൽ ഉണ്ടാക്കിയതല്ല, കോഴിമുട്ട കഴിക്കാം എന്ന് പറഞ്ഞ്, ഇതിനെ എതിർക്കുന്ന 10 പേര് വന്നാൽ ആർത്തവരക്തം എന്തോ മോശം കാര്യമാണ് എന്ന് വിശ്വസിക്കുന്ന അതിന് കാരണക്കാരായ സ്ത്രീകൾ രണ്ടാംതരക്കാരാണ് എന്ന് വിശ്വസിക്കുന്ന തുടർന്നു പറയാൻ പോകുന്ന, ചെയ്യാൻ പോകുന്ന സ്ത്രീ വിരുദ്ധതയ്ക്ക്, മനുഷ്യത്വ വിരുദ്ധതയ്ക്ക് കയ്യടിക്കാൻ പുതുതായി 10 പേരെ കിട്ടും.

എങ്ങനെയായാലും അവർ ഉദ്ദേശിക്കുന്ന കാര്യം നടക്കും…

“ഷാനീ ഇത് ചെറിയ കളി അല്ല”

Leave a reply:

Your email address will not be published.

Site Footer