വാട്ട്സാപ്പ് എന്ന മാധ്യമം സജീവമായി തുടങ്ങിയ കാലം മുതൽ തന്നെ കുറെയധികം സ്വകാര്യ/പൊതു വാട്ട്സാപ്പ് ഗ്രൂപ്പുകളുടെ ഭാഗമായി തുടങ്ങിയിരുന്നു.
കുടുംബക്കാരുടെ ഗ്രൂപ്പുകൾ, കൂട്ടുകാരുടെ ഗ്രൂപ്പുകൾ, നാട്ടുകാരുടെ ഗ്രൂപ്പുകൾ തുടങ്ങി പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ അറിയീക്കുന്നതിനായി വാർഡ് മെമ്പർ ആരംഭിച്ച ഗ്രൂപ്പിൽ വരെ ഉണ്ട്. എണ്ണിയെടുത്താൽ ഏതാണ്ട് ഒരു പത്ത് നാൽപ്പത് ഗ്രൂപ്പുകൾ ഉണ്ടാകുമായിരിക്കും. ബഹുഭൂരിപക്ഷം ഗ്രൂപ്പുകളിലും ഒരു Passive Listener മാത്രമായി ഇരിക്കുകയാണ് പലപ്പോഴും ചെയ്യാറുള്ളത്. കുറച്ചെങ്കിലും ഇടപ്പെട്ടു സംസാരിക്കാറുള്ളത് ഞാൻ കൂടി അഡ്മിൻ ആയി നിലനിൽക്കുന്ന ചുരുക്കം ചില ഗ്രൂപ്പുകളിലും ഇടക്കൊക്കെ നാട്ടിലെ സുഹൃത്തുക്കൾ ഉണ്ടാക്കിയ ഗ്രൂപ്പിലും മാത്രമാണ്.
കുറച്ച് നാളുകൾക്കു മുൻപ് പണ്ട് കൂടെ പഠിച്ച സഹപാഠികൾ ചേർന്ന് കൊണ്ട് പോകുന്ന ഒരു ഗ്രൂപ്പിൽ എന്തോ സംസാരിച്ചു കൊണ്ടിരിക്കെ യാദൃശ്ചികമായി ജാതിയും അതടിസ്ഥാനപ്പെടുത്തിയുള്ള സംവരണവും ഒരു വിഷയം ആയി വന്നു.
ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സംവരണം ഇനി ആവശ്യമില്ല, അതവസാനിപ്പിക്കാൻ സമയമായി എന്നതാണ് പ്രചണ്ഡമായ വാദങ്ങളിലൊന്ന്.
ഉത്തരേന്ത്യയിലെ ജാതി വിവേചനങ്ങളുടെ ആനുകാലിക വാർത്തകൾ ചൂണ്ടിക്കാണിച്ചപ്പോൾ അതൊക്കെ അങ്ങ് ഉത്തരേന്ത്യയിൽ ചിലയിടത്തൊക്കെ ഉണ്ടാവും പക്ഷെ ജാതി വിവേചനം ഇല്ലാത്ത കേരളത്തിലെങ്കിലും ചുരുങ്ങിയത് ജാതി സംവരണം അവസാനിപ്പിക്കണം എന്നാണു പറഞ്ഞത്.
വളരെ ചുരുക്കം പേരൊഴിച്ച് അന്നാ ചർച്ചയിൽ അഭിപ്രായം പറഞ്ഞ ബഹുഭൂരിപക്ഷം സുഹൃത്തുക്കളും അഭിപ്രായപ്പെട്ടത്,
ഹേയ്, കേരളത്തിലിപ്പോൾ ജാതിയൊന്നും ആരും അത്ര ശ്രദ്ധിക്കുന്നില്ലല്ലോ ?
“ഹേയ്, കേരളത്തിലിപ്പോൾ ജാതിയൊന്നും ആരും അത്ര ശ്രദ്ധിക്കുന്നില്ലല്ലോ”
എന്ന ലൈനിൽ ആയിരുന്നു.
എന്നാൽ അങ്ങനെയല്ല കേരളത്തിൽ ഇപ്പോഴും ജാതി ഒരു പ്രബലമായ അളവ് കോലാണ് എന്ന് പറഞ്ഞപ്പോൾ ഒരു സുഹൃത്ത് പറഞ്ഞത് അതൊക്കെ എന്റെ തോന്നലുകൾ മാത്രമാണ് കേരളത്തിൽ ഇപ്പോൾ ജാതി വിവേചനം തീരെ ഇല്ല എന്നായിരുന്നു.
വീട്ടുകാരും കുടുംബക്കാരും ചേർന്ന് അദ്ദേഹത്തിന് കണ്ടു പിടിച്ച് നൽകിയ ജീവിത പങ്കാളി അദ്ദേഹത്തിന്റെ സ്വന്തം ജാതിയിൽ നിന്നും തന്നെയായതും, ഗ്രൂപ്പിലെ ബഹുഭൂരിപക്ഷം ആളുകളും സ്വജാതിയിൽ നിന്നുമുള്ള ആളുകളെ തന്നെ കല്യാണം കഴിച്ചതും ഒന്നും ജാതിവിവേചനത്തിന്റെ ഭാഗമല്ലേ എന്ന് ചോദിച്ചപ്പോൾ അത് ജാതി വിവേചനമൊന്നുമല്ല, സാധാരണ ഗതിയിൽ മലയാളി കുടുംബങ്ങളിൽ നടക്കുന്ന പോലെ തന്നെ ചെയ്തത് മാത്രമല്ലെ അതിലെവിടെയാണ് ജാതി വിവേചനം എന്നായിരുന്നു ചോദ്യം.
മറ്റൊരു സംഭവം.
മുൻപ് ഒരുമിച്ച് പഠിച്ച ഒരു സുഹൃത്ത് വിളിക്കുന്നു. ഇടയ്ക്ക് വാട്ട്സാപ്പിൽ മെസ്സേജ് ഒക്കെ അയക്കാറുണ്ടെങ്കിലും ഫോണിൽ നേരിട്ട് വിളിക്കുന്നത് അപൂർവ്വം ആണ്. വിശേഷങ്ങൾ ഒക്കെ പറയുന്ന കൂട്ടത്തിൽ മൂപ്പർ ദിവസങ്ങൾക്ക് മുൻപ് ഞങ്ങൾ രണ്ടുപേരും ഉള്ള പഴയ സഹപാഠികളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ച എടുത്തിടുന്നു. ചർച്ചകൾക്കിടെ ഗ്രൂപ്പിലൊരാൾ ലെഫ്റ്റ് ചെയ്ത് പോയത് അയാളുടെ മുഞ്ച് കാരണം ആണ് എന്നും അയാൾ ഒരു പ്രത്യേക ജാതിയിൽ ഉള്ള ആളാണെന്നും, ആ ജാതിക്കാർ മുഞ്ച് ഉള്ളവരാണെന്നും പ്രസ്താവിക്കുന്നു.
പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലാതിരുന്ന ഏതോ ഒരു അവധി ദിവസം പണ്ട് കൂടെ പഠിച്ച ഒരുപാടുപേർ പഴയ കളി തമാശകൾ ഒക്കെ പറഞ്ഞ് ഹാപ്പിയായി കുറച്ച് സമയം ചെലവഴിച്ചതിനിടയിൽ നടന്ന പ്രത്യേകിച്ച് പ്രസക്തി ഇല്ലാത്ത ഒരു കാര്യം ഇങ്ങനെ വിലയിരുത്തിയപ്പോൾ സത്യത്തിൽ വല്ലാത്ത കഷ്ടം ആണ് തോന്നിയത്.
(നമ്മുടെ നാട്ടിൽ ഈ പെട്ടന്ന് പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെ പിണങ്ങുന്നതിനെ പറയുന്ന ഒരു വാക്കാണ് മുഞ്ച്, ഒരു പ്രത്യേക തരം പിണക്കം വേണമെങ്കിൽ ഈഗോ എന്നൊക്കെ പറയാം)
മൂന്ന് മാസം മാത്രം മുൻപുണ്ടായ മറ്റൊരു സംഭവം പറയാം.
“സ്കൂൾ ബസ് താമസിക്കും അതുകൊണ്ടു ഒന്ന് സ്കൂളിൽ പോയി മോനെ കൂട്ടികൊണ്ടു വരണം” എന്ന് സഹോദരി വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആണ് എൽപി ക്ലാസ്സിൽ പഠിക്കുന്ന മരുമകനെ കൂട്ടാൻ സ്കൂളിൽ എത്തിയത്. ചെന്നപ്പോൾ പഠിച്ചിറങ്ങിയ കുട്ടികൾക്ക് PTA വക എന്തോ അനുമോദനം ആണ്, ഏതായാലും വന്നതല്ലേ പരിപാടി തീർന്നിട്ട് തന്നെ പോകാം എന്ന് വിചാരിച്ചാണ് കുറച്ചു സമയം സംഗതി നോക്കി നിന്നത്. വേദിയിൽ പ്രധാന അധ്യാപകരുണ്ട്, ജനപ്രതിനിധികളുണ്ട്, മറ്റ് വിശിഷ്ട വ്യക്തികളുണ്ട്.
1 മുതൽ 4 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുഞ്ഞുങ്ങളോട് സംസാരിച്ചുകൊണ്ട് അവരെ പ്രോത്സാഹിപ്പിക്കാനെന്ന വണ്ണം, പ്രചോദിപ്പിക്കാനെന്ന വിധം മുഖ്യ പ്രഭാഷകൻ, മൂപ്പരുടെ അനുഭവത്തിൽ നടന്ന ഒരു സംഭവം വിവരിക്കുകയാണ്. നന്നായി പഠിക്കണം, അനുമോദനം ഏറ്റുവാങ്ങിയതുപോലെ ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാനാവണം എന്നൊക്കെയാണ് മൂപ്പര് പറയാൻ ഉദ്ദേശിക്കുന്നത്.
പക്ഷെ തമാശ അതല്ല, അങ്ങനെ നന്നായി പഠിച്ചാൽ ഉണ്ടാകുന്ന ഗുണമായി അയാൾ പറയുന്നത് നല്ലോണം കാശുണ്ടാക്കാനാവും, നല്ല കുടുംബത്തിൽ നിന്നും കല്യാണം കഴിക്കാനാവും, എന്നൊക്കെയാണ്. സ്വന്തം പരിചയത്തിൽ ഉള്ള ഒരു കുട്ടി അങ്ങനെ നല്ലോണം പഠിച്ചു, നല്ല കാശുണ്ടാക്കി അതുകൊണ്ട് നല്ല കുടുംബത്തിലേക്ക് കല്യാണം കഴിപ്പിച്ചയകാനായി പോലും.
നല്ല കുട്ടി, അവൾ നല്ലോണം പഠിച്ചു, ലക്ഷങ്ങൾ ആണ് സമ്പാദിക്കുന്നത് , ഇപ്പോൾ നല്ലൊരു കുടുംബത്തിൽ നിന്നും ആലോചന ഉറച്ചിരിക്കുകയാണ്, അതും ബ്രാഹ്മണ കുടുംബത്തിൽ നിന്നും
ഏതാണ്ട് ഇങ്ങനെയാണ് അന്ന് അയാൾ പറഞ്ഞു നിർത്തിയത്.
കേരളത്തിൽ ഇപ്പോഴും ജാതിയുണ്ട്, കൃത്യമായ ജാതി വിവേചനമുണ്ട്.
( 1 ) സ്വന്തം കുടുംബത്തിൽ ഉള്ള ആളുകൾക്ക്, സ്വന്തം മക്കൾക്ക് അതെ ജാതിയിലുള്ള ആളെ തന്നെ മതി പങ്കാളിയായി എന്ന് തോന്നുന്നത് തന്നെയാണ് ജാതി, അങ്ങനെ മറ്റു ജാതിയിലെ ആളുകളെ ഒഴിവാക്കുന്നത് തന്നെയാണ് ജാതി വിവേചനം.
( 2 ) വലിയ ഗൗരവം ഒന്നും അർഹിക്കാത്ത ഒരു സന്ദർഭത്തിലെ ഒരാളുടെ ഭാഗത്ത് നിന്നും ഉണ്ടായ അത്രക്കങ്ങ് സ്വീകാര്യമല്ലാത്ത എന്നാൽ വളരെ എളുപ്പം അവഗണിക്കാവുന്ന ഒരു പ്രതികരണത്തെ പ്രശ്നവൽക്കരിച്ച് , അതൊരു ജാതിയുടെ പ്രശ്നമായി ചിത്രീകരിക്കുന്നത് ജാതിയാണ്, ജാതി വിവേചനം ആണ്.
( 3 ) ഉയർന്ന ജാതിയിലേക്ക് കല്യാണം കഴിച്ചു ചെല്ലുന്നത് എന്തോ മേന്മയാവുന്നത്, അത് വഴി അവർക്ക് ഉയർച്ചയുണ്ടായി എന്ന് ധരിക്കുന്നത്, അതെന്തോ അഭിനന്ദനീയമായ കാര്യമാവുന്നത് ജാതിയാണ്, ജാതി വിവേചനമാണ്.
ഈ ജാതി വിവേചനം അങ്ങനെ ഏറ്റവും ഉയർന്ന ജാതിക്കാരൻ ഏറ്റവും താഴ്ന്ന ജാതിക്കാരനോട് മാത്രം കാണിക്കുന്ന വിവേചനമല്ല, മറിച്ച് ഓരോ ജാതികളും ശ്രേണീബദ്ധമായി അതിന്റെ മുകളിലും താഴെയും ഉള്ള ജാതികളാൽ/ജാതികളോട് വിവേചനം നേരിടുകയോ വിവേചനം കാണിക്കുകയോ ചെയ്യുന്നുണ്ട്. അങ്ങനെ ചെയ്യുമ്പോൾ തന്നെ തന്നെക്കാൾ ഉയർന്ന ജാതിക്കാരന് തന്നെക്കാൾ വിശേഷമായതെന്തോ ഉണ്ട് എന്ന് കൂടി ഉറച്ചു വിശ്വസിക്കുന്നുമുണ്ട് ഇപ്പോഴും ബഹുഭൂരിപക്ഷം മലയാളികളും.
അങ്ങനെ “ഉയർന്ന” ജാതിക്കാരൻ ശീലിച്ചു പോരുന്ന ശീലങ്ങളും സ്വഭാവങ്ങളും എന്തോ വിശേഷപ്പെട്ടതാണെന്നും നമ്മൾ സമ്മതിച്ചുകൊടുത്തിട്ടുണ്ട്.
നമ്പൂതിരി സദ്യ “കേമമാവുന്നതും“, വിശേഷപ്പെട്ടതെന്തോ ആകുന്നതും അതെന്തോ “ആർക്കും വയറ്റിന് പ്രശ്നമുണ്ടാക്കാത്ത” വിശിഷ്ട ഭോജ്യമായി അവതരിപ്പിക്കപ്പെടുന്നതും പൊതുജനത്തിന് ഭക്ഷണം കൊടുക്കുന്ന സ്ഥലത്തെ “ഊട്ടുപുര“യാക്കുന്ന മഹനീയമാകുന്നതും, അത്തരം ജനാധിപത്യ വിരുദ്ധ രീതികൾക്കെതിരെ സംസാരിക്കുന്നത് കുറ്റമായി ചിത്രീകരിക്കപ്പെടുന്നതും അതുകൊണ്ടാണ്.
താഴ്ന്ന ജാതിക്കാരനെ, അവന്റെ രീതികളെ, അവന്റെ സ്വഭാവങ്ങളെ എപ്പോഴും തെറ്റിന്റെ പക്ഷത്ത് നിർത്തുക, അത് തെറ്റാണെന്ന് അവനെക്കൊണ്ട് തന്നെ വീണ്ടും വീണ്ടും പറയിപ്പിക്കുക അങ്ങനെ കുറ്റബോധം ജനിപ്പിച്ച് അത് കെടാതെ നിർത്തി അവനെ നീചനായി തന്നെ നിലനിർത്തുക എന്നത് സവർണ്ണതയുടെ, ബ്രാഹ്മണ്യത്തിന്റെ കാലാകാലങ്ങളായുള്ള ബോധന രീതി തന്നെയാണ്…
ഡോക്ടർ അരുൺ കുമാറിന്റെ ഫേസ്ബുക് പോസ്റ്റ് വിമർശിക്കപ്പെടുന്നതിന് പിന്നിലും, കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ, ജാതി മത വ്യത്യാസമില്ലാതെ അരുണ്കുമാറിന് നേരെ വാളെടുക്കുന്നതിന് പിന്നിലും ഈ പറഞ്ഞ ബ്രാഹ്മണ്യം കാലാകാലങ്ങളായി പയറ്റിക്കൊണ്ടിരിക്കുന്ന കുടിലത തന്നെയാണ്.
ബ്രാഹ്മണ്യം അതിന്റെ മാത്രം ശീലം കാച്ചിക്കൊടുക്കുന്നതിനെ “നവോദ്ധാനം” ആയി ചിത്രീകരിക്കാനുള്ള ബദ്ധപ്പാടിനെ വിമർശിച്ചെഴുതിയ പോസ്റ്റിന് താഴെ വന്ന് അല്ലെങ്കിൽ ആ വാർത്തയുടെ ചുവട്ടിൽ അരുൺകുമാറിനെ “ജാതി പറഞ്ഞ് കുത്തിത്തിരിപ്പ്” ഉണ്ടാക്കുന്നവൻ എന്ന് പറയുന്നവരിൽ എനിക്ക് നേരിട്ട് അറിയുന്നവർ ഏതാണ്ടെല്ലാവരും കൃത്യമായി ഊണിലും ഉറക്കത്തിലും എന്തിനധികം ശ്വാസത്തിൽ പോലും ജാതി കാണുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്.
ജനാധിപത്യത്തിലല്ല, നാനാത്വത്തിലല്ല, വൈവിധ്യത്തിലല്ല രാജ്യം മുന്നേറേണ്ടത് പകരം സനാതനമായ എന്തിലോ ആണ്, ചാതുർവർണ്യത്തിലാണ് എന്ന് പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു പക്ഷം ഗ്വാ ഗ്വാ വിളികളുമായി പിന്നിലുള്ളപ്പോൾ ശ്രീ നാരായണ ഗുരുവിന്റെ “ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്” എന്നതല്ല അത് തിരുത്തി സഹോദരൻ അയ്യപ്പൻ പറഞ്ഞ “ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം” എന്നത് തന്നെയാവണം ചെയ്യേണ്ടത്.