മലയാളി പൊളിയല്ലേ!

prithviraj

മലയാളി പൊളിയല്ലേ… ?

അതേ മലയാളി സൂപ്പര്‍ ആണ്.

നമ്മുക്ക് എല്ലാം അറിയാം. അന്ധവിശ്വാസം ശരിയല്ല എന്ന് നമ്മള്‍ മലയാളികള്‍ക്കറിയാം. നരബലി നടത്തിയവരെ നമ്മള്‍ തെറി വിളിക്കും. ഭഗവല്‍ സിംഗിനെയും ലെെലയെയും റാഷിദിനെയും നമ്മള്‍ ട്രോളും. അന്ധവിശ്വാസങ്ങള്‍ക്കെതിരെ നാം ക്യാപയിനുകള്‍ നടത്തും.

ജാതിവെറിക്കെതിരെ സെമിനാറുകള്‍ നടത്തും. സ്ത്രീ വിരുദ്ധത തെറ്റാണെന്ന് സമര്‍ത്ഥിക്കും. ജനാധിപത്യത്തിന് വേണ്ടി ഘോരഘോരം പ്രസംഗിക്കും, പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും.

പക്ഷെ ഒറ്റ പ്രശ്നമേ ഉള്ളൂ…

എന്താണ് അന്ധവിശ്വാസം, എന്താണ് ജാതി ചിന്ത, ഏതാണ് സ്ത്രീ വിരുദ്ധത, എങ്ങനെയാണ് ജനാധിപത്യം പ്രവര്‍ത്തിക്കുന്നത് എന്നതൊന്നും നമ്മുക്കൊരു പ്രശ്നമേയല്ല.

ഭഗവല്‍ സിംഗും ലെെലയും കാര്യസാധ്യത്തിനായി നരബലിയാണ് നടത്തിയതെങ്കില്‍ മലയാളികളില്‍ ബഹുഭൂരിപക്ഷവും “എണ്ണ” മുതല്‍ ലിമിറ്റഡ് എഡീഷന്‍ “ഥാര്‍” വരെ ദെെവത്തിന് നല്‍കി ‘കാര്യം’ സാധിക്കുന്നവരാണ്. പൂജയ്ക്ക് വെച്ച സ്കൂട്ടറെടുത്ത് അതിന്റെ നെറ്റിക്കുള്ള കുറി പോലും മായ്ക്കാതെ അന്ധവിശ്വാസത്തിനെതിരായ ടൂവീലര്‍ റാലിയില്‍ പങ്കെടുക്കും.

നമ്പർ വൺ കേരളത്തില്‍ ജാതി ഒന്നും വലിയ വിഷയമല്ല എന്ന് ശക്തിയുക്തം വാദിക്കും. എന്നാൽ ജീവിത പങ്കാളിയെ സ്വന്തം ജാതിയിൽ നിന്നും മാത്രമേ കിട്ടുകയുമുള്ളൂ… സവർണ്ണ ജാതിക്കാരിയായ കൊലപാതകി “മിടുക്കി”യാവും, മിടുക്കൻ ആണെങ്കിലും താഴ്ന്ന ജാതിയിലെ കുറ്റാരോപിതൻ മാത്രമായവൻ “ക്രിമിനൽ” ആണ്ണെന്നുറപ്പിക്കും ചിലപ്പോൾ നിയമത്തിന് വിടാതെ തല്ലിക്കൊന്നെന്നും വരും.

പൊതുമാധ്യമത്തിൽ വന്ന് സ്വന്തം അഭിപ്രായം പറയുന്ന സ്ത്രീകളെ വൃത്തികെട്ട സ്‌ത്രീ എന്ന് വിളിച്ച് അപമാനിക്കും (slut shaming) ശേഷം സ്വന്തം വീട്ടിലെ സ്ത്രീകൾക്ക് സ്വാതന്ത്ര്യം “കൊടുക്കാറുണ്ട്” എന്ന് ഗീർവാണം മുഴക്കും. അടുക്കള അടിച്ചേൽപ്പിച്ചിട്ട്, പുറത്തിറങ്ങാൻ അനുവാദം ചോദിക്കാൻ ആക്കിയിട്ട് “സ്ത്രീ വിരുദ്ധത”യെ ക്കുറിച്ച് സെമിനാറും സിമ്പോസിയവും സംഘടിപ്പിക്കും.

സ്ത്രീപുരുഷ സമത്വത്തെ കുറിച്ച് സംസാരിക്കുമ്പോൾ പുരുഷന്റെ മസിൽ കനത്തിന്റെ കണക്ക് പറയും, ജനാധിപത്യം സംരക്ഷിക്കാൻ സ്ത്രീകളെ ബാനർ പിടിപ്പിച്ച് കൊണ്ടുള്ള ജാഥകൾ സംഘടിപ്പിക്കും ആചാരം സംരക്ഷിക്കാൻ ഇതേ സ്ത്രീകളെ കൊണ്ട് തന്നെ “Ready To Wait” പ്ലക്കാർഡ് പിടിപ്പിക്കും.

ഇനി പറ…

മലയാളി പോളിയല്ല ?

disclaimer : The picture chosen for the post is not intended to humiliate the person in it, but only to commemorate a phrase used in a movie he starred in.

Leave a reply:

Your email address will not be published.

Site Footer