പർദ്ദ എന്ന വസ്ത്രത്തോട് പരിപൂർണ്ണ വിയോജിപ്പാണ്! ഒരു മതം അനുശാസിക്കുന്ന വസ്ത്രമായതിനാലാണത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ആണുങ്ങൾ തീരുമാനിക്കുകയും മതമെന്ന പേരിൽ സ്ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന പർദ്ദ ജനാധിപത്യ രാജ്യത്ത് ഒരു പൗരാവകാശ നിഷേധമാണ് എന്നതുകൊണ്ടാണതിനെ എതിർക്കുന്നത്. പർദ്ദ മാത്രമല്ല; ആണ് തീരുമാനിക്കുകയും പെണ്ണിനോട് ധരിക്കാൻ ആജ്ഞാപിക്കുകയും ചെയ്യുന്ന ഏതൊരു വസ്ത്ര ധാരണ രീതിക്കും എതിരാണ്. അതേത് മതം പറഞ്ഞാലും ഏതു തത്വശാസ്ത്രം പറഞ്ഞാലും. വിശ്വാസമെന്ന രീതിയിൽ; ആചാരം എന്ന രീതിയിൽ ആണുങ്ങൾ പുറപ്പെടുവിക്കുന്ന ഏതൊരു വാറോലയും ശിരസ്സാവഹിക്കേണ്ടുന്ന രണ്ടാംകിട പൗരരല്ല മറ്റേതൊരു ജൻഡറും എന്നുള്ളത് തന്നെയാണ് ഉറച്ച ബോധ്യം. മികച്ച പൗരന്മാരെ സൃഷ്ടിക്കാൻ അതുവഴി മെച്ചപ്പെട്ട ജനാധിപത്യ സമൂഹത്തെ ഉത്പാദിപ്പിക്കാൻ ഉത്തരവാദിത്തമുള്ള കലാലയങ്ങളിൽ, സ്കൂളുകളിൽ യൂണിഫോമിന് പകരം ഏതെങ്കിലും മതം …